തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം പേട്ടയിൽ ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. വെള്ളിയാഴ്ച്ചയാണ് ഇയാൾക്കുള്ള ശിക്ഷ വിധിക്കുക. തിരുവനന്തപുരം അതിവേഗ പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് ആറ്റിങ്ങൽ ഇടവ സ്വദേശി ഹസൻകുട്ടി കുറ്റക്കാരനെന്ന വിധിച്ചത്.
2024 ഫെബ്രുവരി 19 ന് പുലർച്ചെയാണ് ചാക്ക റെയിൽവേ പാളത്തിന് സമീപത്തെ പുറംമ്പോക്ക് ഭൂമിയിൽ മാതാപിതാക്കൾക്കൊപ്പം ടെന്റിൽ കിടന്ന് ഉറങ്ങിയ കുട്ടിയെ എടുത്തുകൊണ്ടുപോയി ഇയാൾ പീഡിപ്പിച്ചത്. ഹൈദരാബാദ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞാണ് പീഡനത്തിനിരയായത്. പീഡിപ്പിച്ചശേഷം ഇയാൾ കുഞ്ഞിനെ സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാതായ ഉടൻ മാതാപിതാക്കൾ പൊലീസിനെ വിവരം അറിയിച്ചെങ്കിലും അടുത്ത ദിവസം വൈകുന്നേരം 7.30 നാണ് ബ്രഹ്മോസിനുസമീപത്തെ കുറ്റിക്കാട്ടിൽനിന്ന് അബോധാവസ്ഥയിൽ കുട്ടിയെ കണ്ടുകിട്ടിയത്.
വൈദ്യപരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. പ്രതിയുടെ വസ്ത്രത്തിൽനിന്നു കിട്ടിയ കുട്ടിയുടെ മുടി ശാസ്ത്രീയ പരിശോധനയിൽ നിർണായക തെളിവായിരുന്നു. ബ്രഹ്മോസിലെ സിസിടിവി ക്യാമറകളിൽനിന്നാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
അബു എന്നും കബീർ എന്നും വിളിപ്പേരുള്ള ഹസൻ കുട്ടി (45) ആണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിയുകയായിരുന്നു. ഇയാൾ നിരവധി പോക്സോ കേസുകളിൽ പ്രതിയാണ്. സംഭവത്തിന് ദിവസങ്ങൾക്കു മുൻപാണ് കൊല്ലം ആയൂർ പൊലീസ് രജിസ്റ്റർ ചെയ്തിരുന്ന പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയത്.
ജാമ്യത്തിലിറങ്ങിയ പ്രതി ആലുവയിൽ ഒരു ഹോട്ടലിൽ ജീവനക്കാരനായി ജോലിനോക്കിയിരുന്നു. ഇവിടെനിന്ന് തിരുവനന്തപുരത്ത് എത്തിയശേഷമാണ് നാടോടിബാലികയെ പീഡിപ്പിച്ചത്. സംഭവശേഷം ആലുവയിലേക്കു മടങ്ങിയ പ്രതി അവിടെനിന്ന് അവധിയെടുത്ത് പളനിയിൽ പോയി തല മുണ്ഡനംചെയ്ത് മടങ്ങിവരവേയാണ് കൊല്ലത്തുവെച്ച് പേട്ട പൊലീസ് പിടികൂടിയത്. കാട്ടാക്കോണം അജിത്കുമാറും ബിന്ദു വി.സി.യുമാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.











